അർബുദം പോലെയുള്ള രോഗങ്ങൾക്കുള്ള ചികിൽസയിൽ നിർണ്ണായകമായ റേഡിയോ ആക്റ്റീവ്
മൂലകമായ റേഡിയം കണ്ടു പിടിച്ച പോളിഷ് ശാസ്ത്രജ്ഞയാണ് മേരി ക്യൂറി എന്ന
മാഡം ക്യൂറി (നവംബർ 7, 1867 - ജൂലൈ 4, 1934). പ്രധാനമായും ഇവർ ഫ്രാൻസിലാണ്
പ്രവർത്തിച്ചിരുന്നത്. റേഡിയോ ആക്റ്റിവിറ്റി സംബന്ധിച്ച ഗവേഷണമാണ് മേരി
ക്യൂറിയെ പ്രശസ്തയാക്കിയത്. നോബൽ സമ്മാനം ലഭിക്കുന്ന ആദ്യ വനിതയായിരുന്നു
ക്യൂറി. ഇതുകൂടാതെ മാഡം ക്യൂറി രണ്ടു വ്യത്യസ്ത ശാസ്ത്ര ശാഖകളിൽ
(ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനും) നോബൽ സമ്മാനം ലഭിച്ചിട്ടുള്ള
ഒരേയൊരാളുമാണ്. പാരീസ് സർവ്വകലാശാലയിലെ (ലാ സോബോൺ) ആദ്യ വനിതാ
പ്രഫസറായിരുന്നു ഇവർ. മേരി സ്വന്തം നേട്ടങ്ങളുടെ പേരിൽ പാരിസിലെ പാന്തിയണിൽ
ശവമടക്കപ്പെട്ട ആദ്യ സ്ത്രീയെന്ന ബഹുമതിക്കും അർഹയായി. 1911-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം മേരി ക്യൂറി ഒറ്റയ്ക്കാണ് നേടിയത്.
റേഡിയോ ആക്റ്റിവിറ്റി (ഈ പ്രയോഗം ക്യൂറിയുടെ സംഭാവനയാണ്) സംബന്ധിച്ച ഒരു
സിദ്ധാന്തമാണ് ക്യൂറിയുടെ ഒരു പ്രധാന സംഭാവന. റേഡിയോ ആക്റ്റിവിറ്റിയുള്ള
ഐസോടോപ്പുകളുടെ വേർതിരിവ്, പൊളോണിയം, റേഡിയം എന്നീ മൂലകങ്ങളുടെ
കണ്ടുപിടിത്തം എന്നിവയും ക്യൂറിയുടെ സംഭാവനകളിൽ പെടുന്നു. റേഡിയോ ആക്റ്റീവ്
മൂലകങ്ങൾ ഉപയോഗിച്ച് അർബുദരോഗചികിത്സ നടത്തുന്നതു സംബന്ധിച്ച ആദ്യ
പരീക്ഷണങ്ങൾ ക്യൂറിയുടെ കീഴിലാണ് നടന്നത്. പാരീസിലെ ക്യൂറി
ഇൻസ്റ്റിറ്റ്യൂട്ടും വാഴ്സോയിലെ ക്യൂറി ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചത്
മേരി ക്യൂറിയാണ്. ഇപ്പോഴും വൈദ്യശാസ്ത്രത്തിലെ പ്രധാന ഗവേഷണങ്ങൾ ഇവിടെ
നടക്കുന്നുണ്ട്. ഒന്നാം ലോകമഹായുദ്ധസമയത്ത് സൈനികാവശ്യങ്ങൾക്കുവേണ്ടി
റേഡിയോളജി സംവിധാനം യുദ്ധമുഖത്ത് ഉപയോഗിക്കാനുള്ള സംവിധാനം ക്യൂറി
സജ്ജമാക്കുകയുണ്ടായി.
ആയിടക്കാണ് ഹെൻറി ബെക്വറൽ എന്ന ശാസ്ത്രജ്ഞൻ യുറേനിയം
ലവണത്തിൽ നിന്ന് അറിയപ്പെടത്ത ഒരു പ്രകാശം പുറപ്പെടുന്നുണ്ടെന്ന്
കണ്ടെത്തിയത്. പിൽകാലത്ത് ക്യൂറിമാർ ഇതിനെ റേഡിയോ ആൿടിവിറ്റി എന്ന്
വിളിച്ചു. ഇതിൽ താൽപര്യം തോന്നിയ അവർ അന്നേവരെ അറിയപ്പെടാതിരുന്ന ആ
മേഖലയിലേക്ക് തിരിഞ്ഞു. 1898-ൽ തന്റെ നാടിന്റെ നാമം ചേർത്ത് പൊളോണിയം
എന്ന പുതിയ മൂലകം കണ്ടുപിടിച്ചു. തുടർന്നു നടത്തിയ ശ്രമങ്ങളുടെ ഫലമായി
ക്യൂറിമാർ പിച്ച് ബ്ലെൻഡിൽ നിന്ന് റേഡിയം കണ്ടുപിടിച്ചു. ഒരു ഇരുമ്പ്
മേശയും സ്റ്റൗവും മാത്രം ഉപയോഗിച്ചാണ് ഈ മൂലകങ്ങളെ ക്യൂറിമാർ
വേർതിരിച്ചെടുത്തത്.
റേഡിയം
വേർതിരിച്ചെടുത്തതോടെ അതിന്റെ നിർമ്മാണാവകാശം നേടിയെടുക്കാൻ ലോകത്തിന്റെ
പലഭാഗത്തുനിന്നും നിരവധി പേർ വന്നെങ്കിലും ഇത് ധനസമ്പാദനത്തിനുള്ള
മാർഗ്ഗമാക്കാതെ നിർമ്മാണരഹസ്യം പൊതുജനങ്ങൾക്കായി പരസ്യമാക്കുകയായിരുന്നു
അവർ ചെയ്തത്. അവർ പറഞ്ഞത് ഇങ്ങനെയായിരുന്നു "ശാസ്ത്രജ്ഞർ ധനത്തിനായല്ല
പരീക്ഷണങ്ങൾ നടത്തുന്നത് നിങ്ങൾക്ക് വേണ്ട വിവരമെല്ലാം ഞങ്ങൾ തരാം."
No comments:
Post a Comment